Thursday, February 20, 2014

കേന്ദ്ര സര്‍വീസില്‍ ജോലിക്ക് കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷ.

SSC CGL Recruitment-201
കേന്ദ്ര സര്‍വീസില്‍ ഉയര്‍ന്ന ഒഴിവുകളിലേക്കുള്ള 2014ലെ കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷക്ക് സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍ അപേക്ഷ ക്ഷണിച്ചു. ഗ്രൂപ് ബി, സി വിഭാഗങ്ങളിലെ ഒഴിവുകളിലേക്ക് ബിരുദധാരികള്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യത. വിവിധ വകുപ്പുകളിലായി അസിസ്റ്റന്‍റ്, ഇന്‍കംടാക്സ് ഇന്‍സ്പെക്ടര്‍, സെന്‍ട്രല്‍ എക്സൈസ് ഇന്‍സ്പെക്ടര്‍, പ്രിവന്‍റിവ് ഓഫിസര്‍, എന്‍ഫോഴ്സ്മെന്‍റ് ഓഫിസര്‍, സബ് ഇന്‍സ്പെക്ടേഴ്സ് (സി.ബി.ഐ), ഇന്‍സ്പെക്ടര്‍ ഓഫ് പോസ്റ്റ്സ്, ഡിവിഷനല്‍ അക്കൗണ്ടന്‍റ്, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രേഡ് രണ്ട്, ഓഡിറ്റര്‍, അക്കൗണ്ടന്‍റ്/ ജൂനിയര്‍ അക്കൗണ്ടന്‍റ്, ടാക്സ് അസിസ്റ്റന്‍റ്, കമ്പൈലര്‍, സബ് ഇന്‍സ്പെക്ടര്‍ നാര്‍ക്കോട്ടിക്സ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകളുള്ളത്. പ്രായം: സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ തസ്തികക്ക് 26ഉം അസി/സബ് ഇന്‍സ്പെക്ടര്‍ ഇന്‍ സി.ബി.ഐ തസ്തികക്ക് 20 മുതല്‍ 27 വരെയുമാണ് പ്രായപരിധി. മറ്റു തസ്തികകളുടെ പ്രായപരിധി 18 മുതല്‍ 27 വരെയാണ്. സംവരണവിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സിക്കാര്‍ക്ക് മൂന്നും വികലാംഗര്‍ക്ക് 10 വര്‍ഷവും ഇളവുണ്ട്. വിധവകള്‍ക്കും വിവാഹമോചിതകള്‍ക്കും ഇളവുണ്ട്. യോഗ്യത: കമ്പൈലര്‍ തസ്തികയില്‍ ഇക്കണോമിക്സ് അല്ളെങ്കില്‍ സ്റ്റാറ്റിസ്റ്റിക്സ് അല്ളെങ്കില്‍ മാത്തമാറ്റിക്സ് നിര്‍ബന്ധ വിഷയമായോ ഇലക്ടിവ് വിഷയമായോ ഉള്ള ബിരുദമാണ് യോഗ്യത. സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രേഡ് രണ്ട് തസ്തികക്ക് സ്റ്റാറ്റിസ്റ്റിക്സ് പ്രധാന വിഷയമായ ബിരുദമാണ് യോഗ്യത. സ്റ്റാറ്റിസ്റ്റിക്സ് പ്രധാന വിഷയമായി ഏതെങ്കിലും ഒരു വര്‍ഷമെങ്കിലും പഠിച്ച മാത്തമാറ്റിക്സ്, ഇക്കണോമിക്സ്, കോമേഴ്സ് ബിരുദധാരികള്‍ക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. മറ്റു തസ്തികകളിലെല്ലാം ബിരുദമാണ് അടിസ്ഥാന യോഗ്യത. വിവിധ വകുപ്പുകളില്‍ ഇന്‍സ്പെക്ടര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ മികച്ച ശാരീരിക ആരോഗ്യമുള്ളവരാകണം. പുരുഷന്മാര്‍ക്ക് കുറഞ്ഞത് 157.5 സെ.മീ ഉയരവും സ്ത്രീകള്‍ക്ക് 152 സെ.മീ ഉയരവും 48 കിലോ ഭാരവും വേണം. പുരുഷന്മാര്‍ക്ക് 81 സെ.മീ നെഞ്ചളവും അഞ്ച് സെ.മീ വികാസശേഷിയും വേണം. 15 മിനിറ്റില്‍ 1600 മീറ്റര്‍ നടത്തവും 30 മിനിറ്റില്‍ എട്ട് കിലോമീറ്റര്‍ സൈക്ളിങ്ങുമാണ് പുരുഷന്മാരുടെ ശാരീരിക യോഗ്യതാ പരീക്ഷ. സ്ത്രീകള്‍ക്ക് 20 മിനിറ്റില്‍ ഒരു കിലോമീറ്റര്‍ നടത്തം, 25 മിനിറ്റില്‍ മൂന്ന് കിലോമീറ്റര്‍ സൈക്ലിങ് എന്നിവയാണ് ശാരീരിക യോഗ്യതാ പരീക്ഷയായി ഉണ്ടാവുക. സി.ബി.ഐ സബ് ഇന്‍സ്പെക്ടറായി അപേക്ഷിക്കുന്ന പുരുഷന്മാര്‍ക്ക് കുറഞ്ഞത് 165 സെന്‍റീമീറ്ററും സ്ത്രീകള്‍ക്ക് കുറഞ്ഞത് 150 സെന്‍റീമീറ്ററും ഉയരം വേണം. പുരുഷന്മാര്‍ക്ക് 76 സെ.മീ ആണ് (വികാസ ശേഷിയടക്കം) നെഞ്ചളവായി വേണ്ടത്. 100 രൂപയാണ് അപേക്ഷാ ഫീസ്. സംവരണ വിഭാഗക്കാരും വികലാംഗരും വനിതകളും ഫീസ് അടക്കേണ്ടതില്ല. ഓണ്‍ലൈന്‍ അപേക്ഷകര്‍ക്ക് പാര്‍ട്ട് 1 രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയാല്‍ ലഭിക്കുന്ന ഫീ പേമെന്‍റ് ചെലാന്‍ ഡൗണ്‍ലോഡ് ചെയ്തെടുത്ത ശേഷം എസ്.ബി.ഐയുടെ ഏതെങ്കിലും ശാഖകളില്‍ ഫീസടക്കാം. ഫീസടച്ചതിന്‍റെ വിവരങ്ങള്‍ പാര്‍ട്ട് രണ്ട് ഭാഗത്ത് നല്‍കണം. ഓഫ്‌ലൈനായി അപേക്ഷിക്കുന്നവര്‍ സെന്‍ട്രല്‍ റിക്രൂട്ട്മെന്‍റ് ഫീ സ്റ്റാമ്പ് ആയാണ് തുക അടക്കേണ്ടത്. അപേക്ഷയില്‍ നിര്‍ദിഷ്ട സ്ഥാനത്ത് സ്റ്റാമ്പ് പതിച്ച ശേഷം ഇഷ്യൂ ചെയ്ത പോസ്റ്റ് ഓഫിസില്‍നിന്ന് ക്യാന്‍സല്‍ ചെയ്ത് വാങ്ങണം. അപേക്ഷയിലും സ്റ്റാമ്പിലും ക്യാന്‍സലേഷന്‍ സീല്‍ പതിഞ്ഞിരിക്കണം. www.ssconline.nic.in, www.ssconline2.gov.in എന്നീ സൈറ്റുകളിലാണ് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കും മുമ്പ് 100×120 പിക്സലില്‍ നാലിനും 12 കെ.ബിക്കുമിടയില്‍ സൈസ് വരുന്ന പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും 140×160 പിക്സലില്‍ പരമാവധി 12 കെ.ബി വരെ സൈസ് വരുന്ന ഒപ്പും സ്കാന്‍ ചെയ്ത് എടുത്തുവെക്കണം. രണ്ടു ഘട്ടത്തിലായാണ് ഓണ്‍ലൈന്‍ അപേക്ഷ. ഉദ്യോഗാര്‍ഥിയുടെ പ്രാഥമിക വിവരങ്ങള്‍ നല്‍കിയാല്‍ ആദ്യഘട്ടം പൂര്‍ത്തിയാക്കാം. ഇതിന് ശേഷം ലഭിക്കുന്ന രജിസ്ട്രേഷന്‍ നമ്പര്‍ കുറിച്ചെടുത്ത ശേഷം ഓണ്‍ലൈന്‍ ചലാന്‍ ഡൗണ്‍ലോഡ് ചെയ്ത് ഫീസടക്കണം. എസ്.ബി.ഐ ബ്രാഞ്ച് വഴിയോ നെറ്റ്ബാങ്കിങ് ഉപയോഗിച്ചോ ഫീസടക്കാം. ഇതിന്‍റെ വിശദാംശങ്ങളടക്കം വ്യക്തമാക്കിയുള്ള പാര്‍ട്ട് രണ്ട് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയാല്‍ ലഭിക്കുന്ന ഇ-മെയിലിന്‍റെ കോപ്പിയെടുത്ത് സൂക്ഷിക്കണം. പാര്‍ട്ട് വണ്‍ രജിസ്ട്രേഷന്‍റെ അവസാനതീയതി ഫെബ്രുവരി 22നും പാര്‍ട്ട് രണ്ടിന്‍റെത് ഫെബ്രുവരി 24നുമാണ്. ഓഫ്‌ലൈനായി അപേക്ഷിക്കുന്നവര്‍ www.ssc.nic.in എന്ന വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കുന്ന അപേക്ഷകള്‍ പൂരിപ്പിച്ച് ഫെബ്രുവരി 24നകം അയക്കണം. കേരളത്തിലെ ഉദ്യോഗാര്‍ഥികള്‍ Regional Director (KKR), Staff Selection Commission, 1st Floor, Ewing, Kendriyasadan, Koramangala, Bangalore, Karnataka 560034 എന്ന വിലാസത്തില്‍ അയക്കണം. തസ്തികകള്‍ക്കനുസരിച്ച് എഴുത്തുപരീക്ഷ, അഭിമുഖം/ സ്കില്‍ ടെസ്റ്റ്/ കമ്പ്യൂട്ടര്‍ പ്രൊഫിഷന്‍സി ടെസ്റ്റ്/ ഡോക്യുമെന്‍റ് വെരിഫിക്കേഷന്‍ എന്നിവക്ക് ശേഷമാകും നിയമനം. ചില തസ്തികകളില്‍ എഴുത്തുപരീക്ഷ മാത്രമേ ഉണ്ടാകൂ. ആദ്യഘട്ട പരീക്ഷ ഏപ്രില്‍ 27, മേയ് നാല് തീയതികളിലും രണ്ടാം ഘട്ട പരീക്ഷ ആഗസ്റ്റ് 30, 31 തീയതികളിലുമാണ് നടക്കുക. കേരളത്തില്‍ കൊച്ചി, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങള്‍. ആദ്യ രണ്ട് ഘട്ട എഴുത്തുപരീക്ഷകള്‍ക്ക് ശേഷം ഷോര്‍ട്ട്ലിസ്റ്റ് ചെയ്യുന്നവരുടെ യോഗ്യതകള്‍ മാത്രമേ കമീഷന്‍ പരിശോധിക്കൂ. അതിനാല്‍, www.ssc.nic.in, www.ssckkr.kar.nic.in എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിച്ച് ഉദ്യോഗാര്‍ഥികള്‍ യോഗ്യത കൃത്യമായി മനസ്സിലാക്കിയ ശേഷമേ അപേക്ഷിക്കാവൂ.

No comments:

Post a Comment

Recent Posts

Label Widget by InfozGuide

Blogger Widgets