Saturday, November 22, 2014

18 തികയുന്നവരേ! ഇതാ വോട്ട് ചേര്‍ക്കാന്‍ സുതാര്യ വഴി.



വിരല്‍തുമ്പില്‍ വോട്ട് ചേര്‍ക്കാന്‍ അവസരം കിട്ടിയിട്ടും നിങ്ങള്‍ വോട്ട് ചേര്‍ത്തിട്ടില്ലെന്നോ? ഈ അലസതയെ എന്ത് വിളിക്കണം? ഈ അലസതക്ക് രണ്ട് മുഖമേ ഉള്ളു. ‘വിവര’മില്ല എന്നതാണ് ഒരു മുഖം. വിവര സാങ്കേതിക വിദ്യയുടെ ഈ കാലത്ത് ‘വിവരമില്ല’ എന്ന് പറയുന്നതിനെക്കാള്‍ നാണക്കേട് വേറൊന്നില്ല. അതല്ല, വിവരമുണ്ടായിട്ടും വോട്ട് ചേര്‍ത്തില്ല എന്നാണോ? എങ്കില്‍ നിങ്ങള്‍ക്ക് പൗരാവകാശ ബോധമില്ല എന്നതാണ് രണ്ടാമത്തെ കാരണം.

ഇലക്ഷന്‍ കമ്മീഷന്‍െറ ചരിത്രത്തിലെ ഏറ്റവും സുതാര്യമായ നടപടിയാണിപ്പോള്‍ വോട്ട് ചേര്‍ക്കാന്‍ ഒരുക്കിയിരിക്കുന്ന ഓണ്‍ലൈന്‍ സംവിധാനം. 2015 ജനുവരി ഒന്നിന് പതിനെട്ട് തികയുന്നവര്‍ക്ക് ഈ മാസം 25 വരെ വോട്ട് ചേര്‍ക്കാന്‍ കമ്മീഷന്‍ ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയിരിക്കുന്നു. പ്രായം പൂര്‍ത്തിയാവുന്നതിന് മുമ്പ് തന്നെ മുന്‍കൂട്ടി വോട്ട് ചേര്‍ക്കാന്‍ കഴിയുന്നു എന്നത് മാത്രമല്ല, ഈ സൗകര്യത്തിന്‍െറ ഗുണം. ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്ള ഫോണ്‍ വഴി സ്വന്തം വോട്ട് ചേര്‍ക്കാന്‍ കഴിയുന്നു എന്നത് വലിയൊരു വിപ്ലവമാണ്.

മുമ്പ് വോട്ട് ചേര്‍ക്കാന്‍ എന്തൊക്കെ കടമ്പകളുണ്ടായിരുന്നു. ആറ് മാസത്തെ താമസ രേഖ വേണം. വയസ്സ് തെളിയിക്കുന്ന രേഖയുമായി വില്ലേജില്‍ പോയി ക്യൂ നില്‍ക്കണം. അവിടം രാഷ്ട്രീയക്കാരുടെ കശപിശയുണ്ടാവും. കണ്ണൂര്‍ ജില്ലയില്‍ ചില കൊലപാതകങ്ങള്‍ വരെ വോട്ട് ചേര്‍ക്കലും തള്ളലും നടന്ന കേന്ദ്രത്തില്‍ മുമ്പുണ്ടായിട്ടുണ്ട്. ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് വന്നതോടെ ഫോട്ടോ നല്‍കാന്‍ വേറൊരു ദിവസം കാത്തുകെട്ടിയിരിക്കണമായിരുന്നു. പുതിയ സംവിധാനമനുസരിച്ച് അതൊന്നും വേണ്ട. എല്ലാം നിമിഷ നേരം കൊണ്ട് തയ്യാര്‍. കിട്ടാന്‍ പോകുന്ന തിരിച്ചറിയല്‍ കാര്‍ഡിന്‍െറ മോഡല്‍ വരെ നമുക്ക് കമ്മീഷന്‍െറ വെബ്പേജില്‍ കാണാനാവുന്നു. ഓണ്‍ലൈനില്‍ വോട്ട് ചേര്‍ത്തു കഴിഞ്ഞ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ പിന്നീട് വീടുകളില്‍ വന്ന് നിങ്ങളുടെ രേഖകള്‍ പരിശോധിച്ച് ഉറപ്പ് വരുത്തുന്നതോടെ നടപടി പൂര്‍ത്തിയാവുന്നു. വോട്ട് ചേര്‍ക്കാന്‍ യാതൊരു കാത്തിരിപ്പുമില്ലാതെ വീട്ടിലത്തെി രേഖപരിശോധിക്കുന്ന അത്യപൂര്‍വമായ ഈ സൗകര്യം നാം ഉപയോഗിക്കുന്നില്ല എന്ന് വന്നാല്‍ അതിനോളം അലസത വേറെ ഇല്ല.

എങ്ങിനെ വോട്ട് ചേര്‍ക്കാം?

മൂന്ന് ഘട്ടങ്ങളുള്ള (Step 1,2,3) പേജുകളാണ് പൂരിപ്പിക്കേണ്ടത്. ചീഫ് ഇലക്ടറല്‍ ഓഫീസര്‍ കേരളയുടെ www.ceo.kerala.gov.in വെബ്സൈറ്റിലെ ഹോം പേജില്‍ Online Voter Registration - Apply Here എന്ന ലിങ്കിലോ, അതേ പേജില്‍ മുകളിലുള്ള E Registration എന്ന ലിങ്കിലോ ക്ലിക്ക് ചെയ്താല്‍ പ്രവേശന സ്ക്രീനില്‍ (ചിത്രം ഒന്ന് കാണുക) എത്തും. സ്വന്തം നിലയിലോ, ബി.എല്‍.ഒ.വഴിയോ, അക്ഷയ വഴിയോ ഏതാണ് തെരഞ്ഞെടുക്കുന്നതെന്ന് ചോദ്യമുണ്ടാവും.സ്വന്തം കമ്പ്യൂട്ടറും നെറ്റും ഒക്കെ ഉണ്ടെങ്കില്‍ സ്വന്തം നിലയില്‍ സാവകാശം ചെയ്യാവുന്നതാണ്. ബി.എല്‍.ഒ.വഴിയാവുമ്പോള്‍ അസംബ്ലി മണ്ഡലം നമ്പറും പോളിങ് സ്റ്റേഷന്‍ നമ്പറും ചേര്‍ന്ന ആറക്ക നമ്പര്‍ ചേര്‍ക്കണം. അക്ഷയ അവരുടെ കോഡ് നമ്പര്‍ വഴിയേ പ്രവേശിക്കുകയുള്ളൂ. കോളം പൂരിപ്പിച്ച് Proceed ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ വിവരങ്ങള്‍ രേഖപ്പെടുത്തേണ്ട ഒന്നാം ഘട്ടമായ Step 1 ല്‍ എത്തും.

Step 1 ല്‍ ചെയ്യേണ്ടത് 

ചിത്രം 1
താമസിക്കുന്ന ജില്ല വലത് വശത്തുള്ള ഡ്രോപ്ഡൗണ്‍ ബോക്സില്‍നിന്ന് സെലക്ട് ചെയ്യണം. ,വോട്ട് ചേര്‍ക്കാന്‍ പോകുന്ന ആളുടെ ജനനതിയതി കലണ്ടറിന്‍െറ ഐക്കണില്‍ നിന്ന് ക്രമീകരിക്കാവുന്നതാണ്.ഇനി വയസ്സ് അറിയില്ലെന്നിരിക്കട്ടെ. എങ്കിലും വോട്ട് ചേര്‍ക്കാനുള്ള മോഹത്തില്‍ നിങ്ങള്‍ പിന്തിരിയേണ്ടതില്ല. Don’t know your exact DOB എന്ന് രേഖപ്പെടുത്തിയിരിക്കുന്നതിന്‍െറ വലതുഭാഗത്തുള്ള Click here അമര്‍ത്തിയാല്‍ തെളിയുന്ന ബോക്സില്‍ സുമാര്‍ പ്രായം, രേഖപ്പെടുത്തി മറ്റ് രണ്ട് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയാല്‍ മതി. ബി.എല്‍.ഒ.മാര്‍ വീട്ടിലത്തെി രേഖപരിശോധിച്ച് തിയതി കൃത്യമായ രേഖപ്പെടുത്തും.

മുമ്പ് തിരിച്ചറിയല്‍ കാര്‍ഡ് എടുത്തതാണോ, വിദേശത്ത് താമസക്കാരനാണോ എന്നീ ചോദ്യങ്ങളുള്ള കോളത്തില്‍ പുതിയ വോട്ടര്‍ ഉത്തരം നല്‍കേണ്ടതില്ല. (അതേസമയം, തിരിച്ചറിയല്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍, സ്ഥലം മാറി വോട്ട് ചേര്‍ക്കുന്നവര്‍, പ്രവാസികള്‍ എന്നിവര്‍ അതാത് ചോദ്യത്തിന് ഉത്തരം നല്‍കിയാല്‍ അവരുടെ വിവരങ്ങള്‍ നല്‍കേണ്ടുള്ള മറ്റൊരു മെനുവിലേക്ക് പ്രവേശിക്കും.) ഈ വിവരങ്ങള്‍ രേഖപ്പെടുത്തിയ ശേഷം ‘Proceed to step 2’ ക്ളിക്ക് ചെയ്താല്‍ രണ്ടാം ഘട്ടത്തിലത്തെി.

Step 2ല്‍ ചെയ്യേണ്ടത്

പുതുതായി വോട്ട് ചേര്‍ക്കാന്‍ പോകുന്ന ആള്‍ക്ക് പരിചയമുള്ള ഒരു നിലവിലെ സമ്മതിദായകന്‍െറ തിരിച്ചറിയല്‍ കാഡ് നമ്പര്‍ രേഖപ്പെടുത്തുന്നതിന് ഇതില്‍ കോളമുണ്ട്. വോട്ടര്‍ പട്ടികയില്‍ ഏത് ബൂത്തിലേക്കാണ് വോട്ട് ചേര്‍ക്കാന്‍ പോകുന്നതെന്ന് നിര്‍ണായകമായ വിവരം പൂര്‍ത്തിയാക്കുന്നതിനാണിത്. നിലവിലെ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ രേഖപ്പെടുത്താന്‍ മാതാവ്, പിതാവ്, ഭര്‍ത്താവ്, രക്ഷകര്‍ത്താവ്, ബന്ധു, അയല്‍വാസി എന്നിങ്ങനെ ഒപ്ഷനുകളുണ്ട്. ഇതില്‍ ഏതുമാവാം. മാതാവിന്‍െറയോ, പിതാവിന്‍െറയോ കാര്‍ഡ് നമ്പര്‍ ചേര്‍ക്കലാണ് ഉചിതം. അവരുടെ നിലവിലെ കാര്‍ഡിലെ വിലാസവും ചേര്‍ക്കാന്‍ പോകുന്ന ആളുടെ വിലാസവും വിത്യസ്തമായാലും അതാത് സ്ഥാനത്ത് ചേര്‍ക്കാവുന്നതാണ്. സംസ്ഥാനം മാറി താമസിക്കുന്ന മക്കള്‍ക്ക് വേണ്ടി പിതാവിനോ, മാതാവിനോ ഇങ്ങിനെ ചേര്‍ത്താലും വെരിഫിക്കേഷന് ബി.എല്‍.ഒ. വരുമ്പോള്‍ അപേക്ഷകന്‍ അവിടെ താമസക്കാരനാണെന്നതിന് റേഷന്‍ കാര്‍ഡോ മറ്റ് രേഖയോ കാണിച്ചാല്‍ മതി. നടപടി പൂര്‍ത്തിയായാല്‍ ‘Proceed to step 3’ ബട്ടണ്‍ ക്ളിക്ക് ചെയ്ത് മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കും.

Step 3ല്‍ ചെയ്യേണ്ടത് 

 Step 2ല്‍ പിതാവിന്‍െറയോ മാതാവിന്‍െറയും തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ എന്റര്‍ ചെയ്യുന്നതോടെ നിലവിലെ വിലാസം പൂര്‍ണമായും വ്യക്തമാവുന്ന Form Entry സ്ക്രീനാണ് Step 3ല്‍ വരിക. ഇതില്‍ ഇംഗ്ളീഷിലും മലയാളത്തിലും പേര് ചേര്‍ക്കാനുള്ള കോളമുണ്ട്. മലയാളം പേര് ചേര്‍ക്കാന്‍ Virtual Key Board ഉപയോഗിക്കാം. പുതിയ വീട്ടു നമ്പര്‍, പുതിയ വാര്‍ഡ് നമ്പര്‍ എന്നിവയും ചേര്‍ക്കാന്‍ കോളമുണ്ട്. ഇപ്പോഴത്തെ മേല്‍വിലാസത്തില്‍ എത്രകാലമായി താമസിക്കുന്നുവെന്ന കോളം പൂരിപ്പിക്കണം. കാരണം, ഒരു മേല്‍വിലാസത്തില്‍ സ്ഥിരമായി താമസമുള്ളവര്‍ക്കാണ് ആ സ്ഥലം ഉള്‍കൊള്ളുന്ന മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അര്‍ഹതയുള്ളൂ. ജനനസ്ഥലം, Step 2ല്‍ രേഖപ്പെടുത്തിയ തിരിച്ചറിയല്‍ കാര്‍ഡുടമയുടെ പേര്, അപേക്ഷകന്‍െറ മൊബൈല്‍ നമ്പര്‍, ഇ.മെയില്‍, ആധാര്‍നമ്പര്‍ എന്നിവയും രേഖപ്പെടുത്തണം. തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റാനുള്ള മൂന്ന് മാര്‍ഗം ഈ സ്ക്രീനില്‍ ചോദിക്കും. തപാല്‍വഴി, ബി.എല്‍.ഒ.വഴി, താലൂക്ക് ഓഫീസില്‍ നിന്ന് നേരിട്ട് എന്നിങ്ങനെ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാം. Upload photo എന്ന ലിങ്കും ഇതേ പേജിലുണ്ട്. അവിടെ ക്ലിക്ക് ചെയ്യുമ്പോള്‍ ഫോട്ടോ അപ്‌ലോഡ് ചെയ്യാനുള്ള സ്ക്രീന്‍ വരും.

ഫോട്ടോ അപ്ലോഡ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്: 

 1.വെളുത്തതോ ഇളം നിറത്തിലോ ഉള്ള പുറം പശ്ചാത്തലമുള്ള പടമായിരിക്കണം.
2. മുഖം നേരെയും പൂര്‍ണമായും മധ്യഭാഗത്ത് ആയിരിക്കണം.
3. കണ്ണൂകള്‍ വ്യക്തമായി കാണുന്നവിധമായിരിക്കണം.
4.മതാചാരത്തിന്‍െറ ഭാഗമായുള്ള തൊപ്പി, ശിരോവസ്ത്രം എന്നിവയൊഴിച്ച് തലമറക്കുന്നതോ, കറുത്ത കണ്ണട വെച്ച് കണ്ണ് മറക്കുന്നതോ, മുഖം അവ്യക്തമായതോ ആയ പടം അരുത്.
5. കുറഞ്ഞത് 320 പിക്സല്‍ നീളവും 240 പിക്സല്‍ വീതിയും ഉള്ള JPG ഫോര്‍മാറ്റിലുള്ളതും 180KB യില്‍ താഴെ ഫയല്‍ സൈസുള്ളതുമാവണം. ഫോട്ടോള്‍ ക്രോപ്പ് ചെയ്ത് എടുക്കുമ്പോള്‍ ഈ കണക്ക് സൂക്ഷിക്കേണ്ടതാണ്. പാസ്പോര്‍ട്ട് സൈസ് പടമാണ് ഉചിതം. (എന്നാല്‍, ഓണ്‍ലൈന്‍ അപേക്ഷയില്‍ ഫോട്ടോ ചേര്‍ക്കുന്നത് ഇപ്പോള്‍ നിര്‍ബന്ധമല്ല. ബി.എല്‍.ഒ.മാര്‍ വെരിഫിക്കേഷന് വരുമ്പോള്‍ മുകളില്‍ പറഞ്ഞ ഗണത്തിലുള്ള പടം കൈമാറിയാല്‍ മതി. അപേക്ഷയില്‍ മലയാളത്തില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിലും നിര്‍ബന്ധിമില്ല.)

സത്യവാങ്ങ്മൂലം വായിച്ച് ക്ലിക്ക് ചെയ്യേണ്ട ഓപ്ഷന്‍ കൂടി പൂര്‍ത്തിയാവുമ്പോള്‍ ‘I hereby confirm that I have read and accept the above affidavit' എന്ന സത്യവാങ് മൂലത്തിന്‍െറ ഇടത്ഭാഗത്തുള്ള ചതുരത്തില്‍ ക്ളിക്ക് ചെയ്ത് ശരി മാര്‍ക്ക് രേഖപ്പെടുത്തണം. Save Button ക്ലിക്ക് ചെയ്താല്‍ അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞു.അപ്പോള്‍ അപ്ളിക്കേഷന്‍ നമ്പര്‍, ബി.എല്‍.ഒ.യുടെ പേര്, ഫോണ്‍ നമ്പര്‍, എന്നിവ സ്ക്രീനില്‍ വരും. അത് എഴുതി എടുക്കാം. വേണമെങ്കില്‍ പ്രിന്‍റ് കോപ്പിയും കിട്ടും. അക്ഷയവഴിയാണെങ്കില്‍ 25 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ഫീസ്. ഇതില്‍ കൂടുതല്‍ തുക ഈടാക്കാന്‍ പാടില്ല.

നമ്മുടെ തിരിച്ചറിയല്‍ കാര്‍ഡിന്‍െറ ‘എഡിറ്റര്‍’ നാം തന്നെ!!

ഫോട്ടോ ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞാല്‍ നമുക്ക് ലഭിക്കാന്‍ പോകുന്ന തിരിച്ചറിയല്‍ കാര്‍ഡിന്‍െറ മോഡല്‍ വിന്‍ഡോവില്‍ പ്രത്യക്ഷപ്പെടും എന്നതാണ് മറ്റൊരു സവിശേഷത. അവ സൂക്ഷ്മമായി വായിച്ച് ക്രമപ്രകാരമല്ലെന്ന് ബോധ്യമുള്ള വിവരങ്ങള്‍ വീണ്ടും മാറ്റി ചേര്‍ക്കാന്‍ പുറകിലോട്ട് പോകാന്‍ അവസരമുണ്ട്. നമ്മുടെ തിരിച്ചറിയല്‍ കാര്‍ഡിന്‍െറ രുപം, അതിലെ വിവരം എങ്ങിനെയാവണമെന്ന് നമുക്ക് തന്നെ നിശ്ചയിക്കാവുന്ന സമ്പൂര്‍ണമായ സ്വാതന്ത്ര്യം ഈ സംവിധാനം നല്‍കുന്നു എന്നത് ചെറിയ കാര്യമല്ല. നമ്മുടെ രേഖയുടെ എഡിറ്റര്‍ നാം തന്നെ എന്ന് ബോധ്യപ്പെടുന്നതാണീ സംവിധാനം. മുമ്പൊക്കെ ദിവസങ്ങളോളം വില്ലേജ് ഓഫീസില്‍ പോയി ക്യൂ നിന്ന് രേഖപ്പെടുത്തിയ വിവരം അച്ചടിച്ചു വരുന്ന തിരിച്ചറിയല്‍ കാര്‍ഡില്‍ അബദ്ധങ്ങളായി മാറുന്ന അനുഭവം ധാരാളമാണ്. പുതിയ സംവിധാനത്തില്‍ അങ്ങിനെയൊന ഉണ്ടാവില്ല. അബദ്ധം ഉണ്ടായാല്‍ അതിന് ഉത്തരവാദി നാം തന്നെയാണ്.

ഹോം പേജിലെ Special Summary Revision 2015 List of Applications എന്ന ലിങ്കില്‍ പോയാല്‍ സമര്‍പ്പിച്ച അപേക്ഷ കാണാനാവും. പകര്‍പ്പ് പ്രിന്‍റ് ചെയ്യാനും കഴിയും. ഇങ്ങിനെ അപേക്ഷ കാണുന്നതും, പകര്‍പ്പ് എടുത്ത് സൂക്ഷമ പരിശോധന നടത്തുന്നതും നല്ലതാണ്. കാരണം, സമര്‍പ്പിച്ചു കഴിഞ്ഞ അപേക്ഷയില്‍ വീണ്ടും തിരുത്തലുകള്‍ വരുത്താനും ഒരു ലിങ്കുണ്ട്. Step 1 ല്‍ കയറിയാല്‍ Modify Application Details (For already registered users എന്ന ലിങ്കില്‍ പ്രവേശിച്ച് തിരുത്ത് നടത്താം. പക്ഷെ, അപേക്ഷിച്ച് 48 മണിക്കൂറിനകം ഇത് ചെയ്തിരിക്കണം.


കടപ്പാട്  : മാധ്യമം

No comments:

Post a Comment

Recent Posts

Label Widget by InfozGuide

Blogger Widgets