Saturday, September 19, 2015

ഉദ്ഹിയ്യത്ത് ഏറ്റവും അര്‍ഹരിലെക്കാവട്ടെ.


മാന്യരേ,
അസ്സലാമു അലൈക്കും വരഹ്മതുല്ലാഹ്.
നമ്മുടെത് വളരെ പിന്നാക്കമായ പ്രദേശമായിരുന്നു. കല്യാണത്തിനും പെരുന്നാളിനും മറ്റു സല്‍ക്കാര ദിനങ്ങളിലും മാത്രം ലഭിക്കുന്ന വിഭവമായിരുന്നു മാംസം. വളരെ അപൂരവ്വമായ വ്യക്തികള്‍ മാത്രമേ പെരുന്നാളിന് അക്കാലത്ത് ഉദ്ഹിയ്യത്ത് അറുത്തിരുന്നുള്ളൂ. അതാണെങ്കില്‍ നാട്ടിലെ എല്ലാവര്ക്കും എത്തിക്കുവാനും തികയുമായിരുന്നില്ല. സംഘടിച്ചും 'ഷെയര്‍' പങ്കുവെച്ചും കൂട്ടായി ഉദ്ഹിയ്യത്ത് നിര്‍വ്വഹിക്കുന്നത് സുന്നത്തിന് എതിരാണ് എന്നായിരുന്നു നാട്ടില്‍ പ്രചരിച്ചിരുന്നത്. ഇങ്ങനെ ദാരിദ്ര്യവും പട്ടിണിയും അനുഭവിച്ചിരുന്ന , മാംസം അപൂര്‍വ്വ വിഭവമായിരുന്ന ഘട്ടത്തില്‍ 1970-ലാണ് പരേതനായ സഗീര്‍ ഹാജിയുടെ നേതൃത്വത്തില്‍ നമ്മുടെ നാട്ടില്‍ ഉദ്ഹിയ്യത്ത് കമ്മിറ്റി നിലവില്‍ വന്നത്. ആ വര്‍ഷം മുതല്‍ ഉദ്ഹിയ്യത്ത് സംഘടിതമായി നിര്‍വഹിക്കുകയും വിതരണം ചെയ്യുകയും ചെയ്തു, തുടക്കത്തില്‍ കുറച്ച് പേരെ സഹകരിച്ചിരിന്നുള്ളൂവെങ്കിലും പിന്നീട് മിക്കവരും ഈ ഉദ്ഹിയ്യത്ത് കമ്മിറ്റിയുമായി സഹകരിക്കാന്‍ മുന്നോട്ട് വന്നു. കഴിഞ്ഞ 45 വര്‍ഷമായി ഈ കമ്മിറ്റിയിലൂടെ സാധ്യമായ എല്ലാ വീടുകളിലും ബലി പെരുന്നാള്‍ ദിനം ഉദ്ഹിയ്യത്ത് മാംസം എത്തിച്ചുകൊണ്ടിരിക്കുന്നു. അല്‍ഹംദുലില്ലാഹ്!

ഇന്നിപ്പോള്‍ നമ്മുടെ മഹല്ല് കമ്മിറ്റി തന്നെ കൂട്ടായ ഉദ്ഹിയ്യത്ത്  ആരംഭിച്ചിരിക്കുന്നു. പഴയ കാലത്തെ അപേക്ഷിച്ച് നമ്മുടെ നാട്ടിലെ പട്ടിണിയും ദാരിദ്ര്യവും ഏറെക്കുറെ അവസാനിക്കുകയും ചെയ്തിരിക്കുന്നു. മാംസം പെരുന്നാളിനും കല്യാണത്തിനും മാത്രം ലഭിച്ചിരുന്ന പഴയ അവസ്ഥ ഇന്നില്ല. മാംസം എന്നത് മിക്ക വീടുകളിലും ആഴ്ചയിലൊരിക്കലെങ്കിലും വാങ്ങുന്ന വിഭവമാണ്. ഇതിന്  നിമിത്തമായിട്ടുള്ളത്  നമ്മുടെ  ഗള്‍ഫ്  പ്രവാസികളുടെ അദ്ധ്വാനം ഒന്ന് മാത്രമാണ്. മഹല്ലും നാടിലെ മറ്റു വ്യക്തികളും ബന്ധുക്കളും അറുക്കുന്ന ഉദ്ഹിയ്യത്തിന്റെ മാംസം നമ്മുടെ മിക്ക വീടുകളിലും ലഭിക്കുന്നുണ്ട്. ബലി പെരുന്നാള്‍ ദിനം ധാരാളമായി ലഭിക്കുന്ന മാംസം എന്ത്  ചെയ്യണമെന്നറിയാതെ പ്രയസപ്പെടുന്നവരും കുറവല്ല.

ഈ സന്ദര്‍ഭത്തിലാണ്, പണ്ട് നമ്മുടെ നാട്ടിലുണ്ടായിരുന്ന ദാരിദ്ര്യത്തെക്കാളും കഷ്ടപ്പാടനുഭവിക്കുന്ന ഇന്ത്യയുടെ ഇതര ഭാഗങ്ങളിലെ പാവപ്പെട്ട മുസ്‌ലിം കുടുംബങ്ങള്‍ക്ക്  ഉദ്ഹിയ്യത്ത് എത്തിച്ചു കൊടുക്കുന്നതിനെകുറിച്ച ചര്‍ച്ച നമ്മുടെ ഉദ്ഹിയ്യത്ത്കമ്മിറ്റിയില്‍ വന്നത്. ഓലമേഞ്ഞ കുടിലുകളിലും താല്‍ക്കാലിക ഷെഡുകളിലുമൊക്കെയായി അനേകായിരം കുടുംബങ്ങളാണ് ഉത്തരേന്ത്യയില്‍ ദാരിദ്ര്യത്തോട് മല്ലിട്ടുകൊണ്ട് ഓരോ ദിവസവും തള്ളിനീക്കുന്നത്. ഉദാരമതികളുടെ സഹായത്താല്‍ പെരുന്നാള്‍ ദിനങ്ങളില്‍ മാത്രം ഒരു കഷ്ണം മാംസം കഴിക്കാന്‍ ലഭിച്ച ഭാഗ്യം ഇവരില്‍ ചിലര്‍ പങ്ക് വെച്ചത് നമ്മുടെ പത്രമാസികകളിലെല്ലാം വന്നത് ശ്രദ്ധയില്‍ പെട്ടിരിക്കുമല്ലോ? ഇത്തരം ദരിദ്ര മുസ്‌ലിംകള്‍ താമസിക്കുന്ന ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ഉദ്ഹിയ്യത്തിന്റെ മാംസം വിതരണം ചെയ്യുന്ന പദ്ധതിയാണ് 'ഖുര്‍ബാനി'. നമുക്കെല്ലാം പരിചിതരും വിശ്വസ്തരായ വ്യക്തികള്‍ നേതൃത്വം നല്‍കുന്ന 'വിഷന്‍ 2016' എന്ന പ്രോജക്ടിന്റെ കീഴിലാണ് ഖുര്‍ബാനിയെന്ന ബലിമാംസ വിതരണം നടക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കേരളത്തിന്റെ പല ഭാഗത്ത് നിന്നും മഹല്ല് തലത്തിലും വ്യക്തി തലത്തിലും ഒരുപാട് പേര്‍ തങ്ങളുടെ ഉദ്ഹിയ്യത്ത് ഖുര്‍ബാനി പദ്ധതിയിലേക്ക് നല്‍കുന്നുണ്ട്. കഴിഞ്ഞ 4 വര്‍ഷമായി നമ്മുടെ ഉദ്ഹിയ്യത്ത്  കമ്മിറ്റി ഇവിടെ നാട്ടില്‍ ഉദ്ഹിയ്യത്ത്  നിര്‍വഹിക്കുന്നതോടൊപ്പം 'വിഷന്‍ 2016-ലെ' 'ഖുര്‍ബാനി' പദ്ധയിലെക്കും ഷെയര്‍ നല്‍കുന്നുണ്ട്. ഈ അടുത്ത്  ചേര്‍ന്ന ഉദ്ഹിയ്യത്ത് കമ്മിറ്റിയുടെ മീറ്റിംഗില്‍ ഈ വര്‍ഷത്തെ മുഴുവന്‍ ഉദ്ഹിയ്യത്തും 'ഖുര്‍ബാനി' പദ്ധതിയിലേക്ക്  നല്‍കാമെന്ന തീരുമാനമാണുണ്ടായത്. ഉദ്ഹിയ്യത്ത്  കമ്മിറ്റിയുമായി സഹകരിച്ച ഷെയര്‍ ഉടമകളോട്  ഈ വിഷയം പങ്കു വെച്ചപ്പോള്‍ അവരില്‍ ഭൂരിപക്ഷം പേരും അതിനോട് ഞങ്ങള്‍ യോജിക്കുന്നുവെന്നാണ് അറിയിച്ചത്.പുതുതായി കുറച്ച് പേര്‍ ഈ സംരംഭത്തോട് സഹകരിക്കാന്‍ മുന്നോട്ട് വരികയും ചെയ്തിരിക്കുന്നു. പെരുന്നാള്‍ ദിനത്തില്‍ നമ്മുടെ നാട്ടില്‍ മാംസം ഇന്നൊരു പ്രശ്നമല്ലാത്തതിനാലും ഉദ്ഹിയ്യത്ത് ഏറ്റവും പാവപ്പെട്ടവരിലേക്ക്  എത്തിക്കാന്‍ സാധിക്കുന്നതിനാലും 'ഖുര്‍ബാനി' പദ്ധതിയില്‍ ഉദ്ഹിയ്യത്ത്  നല്‍കുന്നതാണ്  ഏറ്റവും പുന്യകരമെന്നാണ്  അവരെല്ലാം വിശ്വസിക്കുന്നത്. സ്വന്തം മഹല്ലിലെ കുടുംബങ്ങള്‍ക്ക്  മാംസം സുലഭമായി ലഭിക്കുന്ന, വാങ്ങാന്‍ സാധിക്കുന്ന അവസ്ഥ വന്നാല്‍ അത് തീരെ ലഭിക്കാത്തവര്‍ തൊട്ടടുത്ത നാടുകളിലുണ്ടെങ്കില്‍ അവര്‍ക്കത് നല്‍കുന്നതാണ്  പുണ്യകരമെന്ന്  ആധുനിക ഇസ്‌ലാമിക പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട് . 


ഹജ്ജിന്റെ ഭാഗമായ ബലിക്ക്  ഇന്ന്‍  ഹാജിമാര്‍ കാശ് അടക്കുക മാത്രമാണ്  ചെയ്യുന്നത്. ഉത്തരവാദിത്തപെട്ടവര്‍ ബലി നിര്‍വഹിച്ച് അതിന്റെ മാംസം ദരിദ്ര രാഷ്ട്രങ്ങളിലേക്ക്  കയറ്റി അയക്കുകയാണ്  ചെയ്യുന്നത്. ലോകവും കാലവും ആവശ്യപ്പെടുന്ന ഈ മാറ്റം ഉദ്ഹിയ്യത്തിലും അനുവദനീയമാണെന്നാണ് പണ്ഡിതരുടെ അഭിപ്രായം. ആയതിനാല്‍ നമ്മുടെ ഉദ്ഹിയ്യത്ത് ഏറ്റവും അര്‍ഹരായ ദാരിദ്രലിലേക്കെത്തിക്കാനുള്ള പദ്ധതിയായ 'ഖുര്‍ബാനിയുമായി' സഹകരിക്കണമെന്ന്  എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. ആടുമാടുകള്‍ക്ക്  നമ്മുടെ നാട്ടിലേക്കാള്‍ എത്രയോ കുറഞ്ഞ വിലയേ ഖുര്‍ബാനി പദ്ധതി നടപ്പിലാക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുള്ളൂ. നമ്മുടെ നാട്ടില്‍ മുപ്പതിനായിരം മുതല്‍ നാല്‍പ്പതിനായിരം വരെ വില വരുന്ന ബലി മൃഗത്തിന്  ഖുര്‍ബാനി പ്രദേശത്ത്  18550/- രൂപ മാത്രമാണുള്ളത്. ഒരു ഷെയറിന് 2650/- രൂപ മാത്രം മതിയാകും. ഏത് ചെറിയ വരുമാനക്കാരനും 2650 രൂപ നല്‍കി ഉദ്ഹിയ്യത്തില്‍ പങ്ക് ചേരാനുള്ള അവസരവും ഖുര്‍ബാനി നല്‍കുന്നു. ഇവിടെ ഒരു ഷെയറിന് മുടക്കുന്ന തുക കൊണ്ട് രണ്ടോ അതിലധികമോ ഷെയര്‍ എടുത്തു കൊണ്ട് പുണ്യം വര്‍ദ്ധിപ്പിക്കാനും ഖുര്‍ബാനി വഴി നമുക്ക് സാധിക്കും. ഈ വര്‍ഷത്തെ ഖുര്‍ബാനി പദ്ധതിയുമായി സഹകരിച്ച്  ഉദ്ഹിയ്യത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവരുടെ ഷെയര്‍ സപ്തംബര്‍ 20 വരെ സ്വീകരിക്കുന്നതാണ്. 

സെക്രട്ടറി,
ഉദ്ഹിയ്യത്ത് കമ്മിറ്റി,
മസ്ജിദുല്‍ ഹുദ,
ചെറുപുത്തൂര്‍




Wednesday, September 09, 2015

ഉപകാരപ്രദമായി റേഷന്‍ കാര്‍ഡ് തെറ്റ് തിരുത്തല്‍ ക്യാമ്പ്.


ചെറുപുത്തൂര്‍ : ചെറുപുത്തൂര്‍ പൌരാവലിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ റേഷന്‍ കാര്‍ഡ് തെറ്റ് തിരുത്തല്‍ ക്യാമ്പ് ഉപകാരപ്രദമായി. ഞായറാഴ്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 7 മണി വരെ നടന്ന ക്യാമ്പില്‍ നൂറ്റിഅമ്പതോളം റേഷന്‍ കാര്‍ഡുകളിലെ തെറ്റുകള്‍ തിരുത്താനായി  ഓണ്‍ലൈനില്‍ അപ്‌ലോഡ്‌ ചെയ്തു. ചെറി കെ സോളാര്‍, നൌഷാദ് താഴത്തീല്‍, മുഷ്താഖ് സി, ഷമീര്‍ എം.സി, ഫുആദ്‌ സെനിന്‍ ടിപി, ശിഹാബ് കുടുക്കന്‍, സകരിയ ടിപി, എം.എ മാസ്റ്റര്‍, ശശി കെസി, നൌഷാദ് എംസി, മുഹമ്മദ്‌ ഹനീഫ്, മുഹമ്മദ്‌  അമീന്‍ എം.സി, ടിപി അബ്ദു റഷീദ്  മാസ്റ്റര്‍, കുടുക്കാന്‍ റഷീദ്, ബഷീര്‍ എംസി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Monday, June 01, 2015

'ഭൂമിയിലെ മാലാഖ' പ്രകാശനം ചെയ്തു.

ചെറുപുത്തൂര്‍ : നമ്മുടെ ഗ്രാമത്തിന്‍റെ ഹൃദയം തൊട്ടറിഞ്ഞ യുവ എഴുത്തുകാരന്‍ ശ്രീ. ഷാഹിദ് കെ.ടിയുടെ 'ഭൂമിയിലെ മാലാഖ' എന്ന തിരക്കഥയുടെ പുസ്തകരൂപം പുസ്തകരൂപം പ്രകാശനം ചെയ്തു. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ റഹ്മാൻ കുറ്റിക്കാട്ടൂർ സാമൂഹ്യപ്രവര്‍ത്തകനായ മടത്തില്‍ സാദിഖലിക്ക് നല്‍കിയാണ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്. 'കുടുംബമാധ്യമത്തില്‍ നേരത്തെ പ്രസിദ്ധീകരിച്ച ഫീച്ചറിനെ അടിസ്ഥാനമാക്കിയാണ് പുസ്തക രചന. അപകടത്തിന്റെയും മരണത്തിന്റെയും ദുരന്തമുഖത്ത് ഓടിയെത്തുന്ന മടത്തില്‍ അസീസിനെ കുറിച്ച് 2011 ജൂലൈ 29ന് പ്രസിദ്ധീകരിച്ച 'അവസാനത്തെ കൈ' എന്ന ഫീച്ചറാണ്  പുസ്തക രചനക്ക് പ്രചോദനമായതെന്ന്‍ ഷാഹിദ് പറഞ്ഞു.  പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ റഹ്മാൻ കുറ്റിക്കാട്ടൂർ സാമൂഹ്യപ്രവര്‍ത്തകനായ മടത്തില്‍ സാദിഖലിക്ക് നല്‍കിയാണ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്. ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്‌ ലഭിച്ച ഫുആദ് സെനിന്‍, ഫാത്തിമ നസ്രിന്‍ എന്നിവരെ ആദരിച്ചു.
                ചടങ്ങില്‍ കെസി അബ്ദുറഹ്മാന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പുല്‍പറ്റ ഗ്രാമപഞ്ചായത്തംഗം പിസി അബ്ദുറഹ്മാന്‍, ടിപി അഹമ്മദ് ഹുസൈന്‍, ചെറി മുഹമ്മദ്‌, കെസി ശശി, രഞ്ജിത്ത് മാസ്റ്റര്‍, രജിത ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.  ടിപി സ്വാലിഹ് ഹുസൈന്‍ അദ്ദേഹം രചിച്ച കവിത ആലപിച്ചു. അബ്ദുറഹ്മാന്‍ മാസ്റ്റര്‍പുസ്തകത്തെ പരിചയപ്പെടുത്തി. അമീന്‍ ഹസ്സന്‍ കെ സ്വാഗതവും ഫസല്‍ നന്ദിയും പറഞ്ഞു.

Saturday, May 30, 2015

മാതൃകാ ഡിസ്പെന്‍സറിയായി പ്രഖ്യാപിച്ചു.

ചെറുപുത്തൂര്‍ : ചെറുപുത്തൂരിലെ പുല്‍പ്പറ്റ ഗ്രാമ പഞ്ചായത്ത് ഗവ. ഹോമിയോ ഡിസ്പെന്‍സറി മാതൃകാ ഡിസ്പെന്‍സറിയായി പി. ഉബൈദുല്ല എംഎല്‍എ പ്രഖ്യാപിച്ചു. പുതിയ ഡിസ്പെന്‍സറി നിര്‍മിക്കാന്‍ ആസ്തി വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ അനുവദിക്കുമെന്ന്‍  എംഎല്‍എ അറിയിച്ചു. ഡിസ്പെന്‍സറിയിലേക്കുള്ള റോഡും ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഒപി ആലിബാപ്പു അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷര്‍ജാന്‍ അഹമ്മദ്  റിപ്പോര്‍ട്ട്  വായിച്ചു. വാര്‍ഡ്‌ മെമ്പര്‍ പിസി അബ്ദുറഹ്മാന്‍, പിവി മനാഫ്, ഡോ. വിഎന്‍ രാജു, വൈസ് പ്രസിടന്റ് കല്ലേങ്ങല്‍ നുസ്രിനമോള്‍, പാറ സൈദലവി, വിളക്കിത്തില്‍ റീന, ഇ അബൂബക്കര്‍, പിടി അബ്ബാസ്‌, വി ആബിദലി, സിഎച്ച് സൈനബ, പൂക്കോടന്‍ അബൂബക്കര്‍, ഒപി കുഞ്ഞാപ്പുഹാജി, ഇ അബൂബക്കര്‍ ഹാജി, ഹംസ ഹാജി, ചെമ്പന്‍ അലവിക്കുട്ടി, കെ ഷീബ എന്നിവര്‍ സംസാരിച്ചു.

Thursday, May 07, 2015

ശ്രദ്ധേയമായി ഗ്രാമോത്സവം.

ചെറുപുത്തൂര്‍: 'ആരോഗ്യമുള്ള ഗ്രാമം, ആരോഗ്യമുള്ള തലമുറ' എന്നാ സന്ദേശമുയര്‍ത്തിക്കൊണ്ട്  ചെറുപുത്തൂര്‍ നാട്ടുകൂട്ടം സംഘടിപ്പിച്ച ഗ്രാമോത്സവം ശ്രദ്ധേയമായി. പരിപാടിയുടെ ഭാഗമായി പഠനക്ലാസുകള്‍, എക്സിബിഷന്‍, ഡോക്യുമെന്ററി പ്രദര്‍ശനം, ചിത്രരചനാ മത്സരം, പ്രബന്ധരചനാ മത്സരം, കരാട്ടെ പ്രദര്‍ശനം എന്നിവ നടന്നു. ജില്ലാ പഞ്ചായത്തംഗം പി.വി അബ്ദുല്‍ മനാഫ് ഉദ്ഘാടനം നിര്‍വഹിച്ച ഗ്രമോത്സവത്തില്‍ 'നാം പ്രതീക്ഷിക്കുന്ന മക്കള്‍' എന്ന വിഷയത്തില്‍ ബി. ഹരികുമാറും ( എക്സൈസ്  ഡിപ്പാര്‍ട്ട്മെന്റ് ) 'മാനസികാരോഗ്യവും ശരീര പുഷ്ടിയും' എന്ന വിഷയത്തില്‍ ഇമ്പിച്ചിബാവ കൊണ്ടോട്ടിയും (Trainer & Counselor  ) പഠനക്ലാസെടുത്തു.  ചെറുപുത്തൂര്‍ ചെറുപുത്തൂര്‍ എ.എം.എല്‍.പി. സ്കൂളില്‍ വെച്ച് നടന്ന പരിപാടിയില്‍ സ്കൂള്‍ വിദ്യാര്‍ഥികളുടെ കരാട്ടെ പ്രദര്‍ശനവും ഉണ്ടായിരുന്നു.

Recent Posts

Label Widget by InfozGuide

Blogger Widgets